04:53pm 09 November 2026
NEWS
ലൈംഗിക ഉദ്ദേശത്തോടെ സ്‌പർശിച്ചെന്ന് പറഞ്ഞത് അന്നത്തെ ദേഷ്യത്തിനെന്ന് പെൺകുട്ടികൾ; പോക്സോ കേസിൽ ജയിലിലായ തിരുവനന്തപുരത്തെ അധ്യാപകന് ജാമ്യം
06/05/2025  03:09 PM IST
nila
ലൈംഗിക ഉദ്ദേശത്തോടെ സ്‌പർശിച്ചെന്ന് പറഞ്ഞത് അന്നത്തെ ദേഷ്യത്തിനെന്ന് പെൺകുട്ടികൾ; പോക്സോ കേസിൽ ജയിലിലായ തിരുവനന്തപുരത്തെ അധ്യാപകന് ജാമ്യം

തിരുവനന്തപുരം: ലൈംഗിക ഉദ്ദേശത്തോടെ അധ്യാപകൻ സ്പർശിച്ചെന്ന് മൊഴി നൽകിയത് അപ്പോഴത്തെ ദേഷ്യത്തിനെന്ന് പരാതിക്കാരായ പെൺകുട്ടികൾ. തിരുവനന്തപുരത്തെ യുപി സ്‌കൂൾ അദ്ധ്യാപകനായ ബിനോജ് കൃഷ്ണക്കെതിരായ പരാതിയിലാണ് വിചാരണയ്ക്കിടെ പരാതിക്കാരായ പെൺകുട്ടികൾ മൊഴിമാറ്റിയത്. ഇതോടെ അധ്യാപകന് കോടതി ജാമ്യം അനുവ​ദിക്കുകയും ചെയ്തു. അറസ്റ്റിലായി 171 ദിവസത്തിന് ശേഷമാണ് അധ്യാപകന് ജാമ്യം ലഭിക്കുന്നത്. ആറ് പോക്സോ കേസുകളാണ് അധ്യാപകനെതിരെ രജിസ്റ്റർ ചെയ്തിരുന്നത്. 

 തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയാണ് അധ്യാപകന് ജാമ്യം നൽകിയത്. അധ്യാപകൻ തങ്ങളെ ലൈംഗിക ഉദ്ദേശത്തോടെ സ്‌പർശിച്ചെന്നായിരുന്നു സ്കൂളിലെ കൗൺസിലിം​ഗിനിടെ പെൺകുട്ടികൾ വെളിപ്പെടുത്തിയത്. പിന്നീട് പൊലീസിനും പെൺകുട്ടികൾ ഇതേ മൊഴിയാണ് നൽകിയത്. എന്നാൽ വിചാരണക്കിടെ പെൺകുട്ടികൾ മൊഴി തിരുത്തുകയായിരുന്നു.

വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ പരാതിയിൽ നേമം പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് ഒളിവിൽ കഴിയുകയായിരുന്ന അധ്യാപകനെ കഴിഞ്ഞ നവംബർ 11നായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്.  ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരത്തെ ഒരു ലോഡ്‌ജിൽ നിന്നാണ് ബിനോജിനെ കസ്റ്റഡിയിലെടുത്തത്. പിടികൂടുമെന്ന് മനസിലായതോടെ ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചു. തുടർന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയതിനുശേഷമാണ് ബിനോജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്ന് മാസത്തിനുള്ളിൽ കുറ്റപത്രവും സമർപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img